അവസാനം അവരെ കണ്ടെത്തി,Shoukath Naeemi Al Bukhari എഴുതുന്നു...

Share:


കുഞ്ഞുമോൾ ആസിഫയുടെ ദാരുണാന്ത്യം കേട്ടതു മുതൽ ഹൃദയം നുറുങ്ങുന്ന വേദനയായിരുന്നു. മാതാപിതാക്കളെ കണ്ടെത്തി ഒന്നു സമാശ്വസിപ്പിക്കാനായെങ്കിലെന്ന് ആഗ്രഹിച്ചു. പക്ഷേ, അവർ രസാന ഗ്രാമത്തിൽ നിന്ന്‌ പാലായനം ചെയ്ത് കഴിഞ്ഞിരുന്നു.
എന്നാലും അവരെവിടെ? എങ്ങനെ കണ്ടെത്തും?
കത്വയിലെ സുഹൃദ് വലയത്തിലൂടെയായി അന്വേഷണം. വൈകാതെ തന്നെ അവരുടെ ബന്ധുക്കളായ ഫരീദ് സാഹിബ്, ഫയാസ് ഭായ് എന്നിവരെ കണ്ടത്തി.
ഗുജർ ബകർവാൾ വിഭാഗത്തിൽപ്പെട്ടവരാണ് ആസിഫയുടെ കുടുംബം. ആറു മാസം വീതം ജമ്മുവിലും കാശ്മീർ താഴ്വരയിലും മാറി മാറി താമസിക്കുന്ന വിഭാഗം. കന്നുകാലികളുമായി കാൽനടയായിട്ടാണ് അവരുടെ യാത്ര. സാധാരണയിൽ അവർ കടന്നു പോവാറുള്ള വഴിയെ കുറിച്ച് ഫയാസ് ഭായ് പറഞ്ഞു തന്നു. ഞാനും റംഷാദ് ബുഖാരിയും ഇംറാനും സർഫറാസ്, ആരിഫ് എന്നീ മൗലവിമാരും ഫരീദ് സാഹിബ്, ഫയാസ് ഭായ് എന്നിവരും ചേർന്ന സംഘം ജമ്മു-ശ്രീനഗർ ഹൈവേയിൽ 40 കിലോമീറ്ററോളം യാത്ര ചെയ്ത് മലകൾ നിറഞ്ഞ ഉൾഗ്രാമങ്ങളിലേക്ക് കടന്നു. ആ വഴിയിൽ കുറെ ഗുജർ ബകർവാൾ സംഘങ്ങൾ സഞ്ചരിക്കുന്നു.
അവരോടന്വേഷിച്ചപ്പോൾ കൃത്യമായ വിവരമില്ല. ആസിഫയുടെ കുടുംബം സാധാരണ മലയിറങ്ങി വരാറുള്ള ഭാഗത്ത് ഞങ്ങൾ കാത്തു നിന്നു. അവർ പിന്നാലെ മലയിറങ്ങി വരുന്നുണ്ട് എന്ന വിവരവും കിട്ടി.
ഏറെ നേരത്തെ കാത്തിരിപ്പിനു ശേഷം ഭാണ്ഡങ്ങളും പേറി അവരെത്തി. ആ മാതാവിന് കണ്ണുനീർ നിലക്കുന്നില്ല. പിതാവ് ഇടക്കിടെ വിങ്ങിപ്പൊട്ടുന്നു. മൂത്ത സഹോദരിയുടെ കരഞ്ഞു കലങ്ങിയ കണ്ണുകൾ.
ഞങ്ങൾ ആശ്വസിപ്പിക്കാൻ ശ്രമിച്ചു. എസ്.എസ്.എഫി ന്റെയും യെസ് ഇന്ത്യാ ഫൗണ്ടേഷന്റെയും സാമ്പത്തിക സഹായം ആ കൈകളിൽ ഏൽപ്പിച്ചു. നീതിക്കായുള്ള പോരാട്ടത്തിൽ എല്ലാ പിന്തുണയും ഉറപ്പ് നൽകി. അവിടുന്ന് ഞങ്ങളൊന്നായി പ്രാർത്ഥിച്ചു.
ആസിഫ മോളോട് അവർ എന്തിനിത് ചെയ്തു? സംഘത്തിലാർക്കും ഉത്തരം കിട്ടുന്നില്ല. കാരണം, മതത്തിന്റെ പേരിൽ ഇങ്ങനെയൊക്കെ ചെയ്യാനാവുമെന്ന് അവർക്ക് ഊഹിക്കാൻ വയ്യ. എല്ലാ പ്രാവശ്യവും രസാന ഗ്രാമത്തിലെത്തുമ്പോൾ സ്നേഹത്തോടെ ഇടപഴകുകയും കാലിത്തീറ്റ, പാൽ, ചാണകം എന്നിവയുടെയൊക്കെ ഇടപാടുകൾ നടത്തുകയും ചെയ്യുന്ന നല്ല മനുഷ്യരാണ് അവർക്കറിയുന്ന ഹിന്ദുക്കൾ. ആറു മാസത്തെ ജീവിതമാർഗം ഗുജർ ബക്കർവാളുകളുടെ വരവോടെ എളുപ്പമാക്കിയെടുക്കുന്ന ഹിന്ദുക്കൾ. അവർക്കിടയിൽ മതവൈരം തലക്കു പിടിച്ച മൃഗതുല്യരുണ്ടെന്ന് ആരറിഞ്ഞു. തങ്ങളുടെ ദുര്യോഗത്തെ ഹിന്ദു മതത്തോടോ മൊത്തം ഹിന്ദുക്കളോടോ ചേർത്തു വായിക്കാൻ ആ നാടോടി സംഘം തയ്യാറല്ല. ആറു മാസം കഴിഞ്ഞാൽ ഇനിയും രസാനയിലേക്ക് മടങ്ങി വരുമെന്ന് തന്നെയാണ് ആസിഫയുടെ പിതാവ് പറയുന്നത്.
വ്യവസ്ഥാപിത സംവിധാനങ്ങളിലൂടെ മതമോ, ഭൗതികമോ പഠിക്കുന്നവരല്ല ഗുജർ ബക്കർവാൾ വിഭാഗങ്ങൾ. കന്നുകാലി പരിപാലനത്തിനപ്പുറം അവർക്കൊന്നും അറിയില്ല. പരമ്പരാഗതമായി കേട്ടറിഞ്ഞു വന്ന രീതിയിൽ ആരാധനകൾ നിർവഹിക്കുന്നുവെന്നതല്ലാതെ അതിനപ്പുറം അവർക്ക് മതവുമില്ല. മുന്നിൽ കാണുന്നവരെല്ലാം മനുഷ്യർ. അല്ലാതെ വർഗീയമായി വേർതിരിച്ചു കാണാനുള്ള യാതൊരു വിധ ബോധവും അവർക്കില്ല. പിന്നെ, അവരുടെ ആസിഫ മോളോട് എന്തിനിത് ചെയ്തു?!
പ്രിയപ്പെട്ട ഹൈന്ദവ സഹോദരങ്ങളോട്.........
മതത്തിന്റെ പേര് പറഞ്ഞ് ഒരു ന്യൂനാൽ ന്യൂനപക്ഷം ചെയ്യുന്ന തോന്നിവാസങ്ങളുടെ പേരിൽ പേരുദോഷം സഹിക്കാൻ വിധിക്കപ്പെട്ടവരാണ് മുസ് ലിംകൾ. അവരെ പ്രതിരോധിച്ചു നിർത്താൻ മുസ്ലിം സമൂഹം ആവുന്നതെല്ലാം ചെയ്യുന്നുണ്ട്.
അതുപോലെ ഹിന്ദു മതത്തെയും നല്ലവരായ ഹിന്ദുക്കളെയും അപകീർത്തിപ്പെടുത്താൻ കാരണമാവുന്ന ഇത്തരം അപകടകാരികൾക്കെതിരെയാണ് നിങ്ങൾ ഉണരേണ്ടത്.
മതങ്ങളെല്ലാം പഠിപ്പിക്കുന്ന മാനവിക മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് മുന്നേറാൻ ഓരോ ഇന്ത്യക്കാരനും പ്രതിജ്ഞാബദ്ധനാവണം.
പ്രിയ മുസ്ലിം സഹോദരങ്ങളെ,
മുഴുവൻ ഹിന്ദുക്കൾക്കെതിരെയും വൈരാഗ്യം വളർത്തുന്ന രീതിയിൽ ഇതുപോലുള്ള സംഭവങ്ങളെ ഉപയോഗിക്കാതിരിക്കാൻ നാം പക്വത കാട്ടണം.
നമ്മുടെ രാജ്യത്തെ നിയമ വ്യവസ്ഥിതിയിൽ ഒതുങ്ങി നിന്നുകൊണ്ട് നീതിക്കായി നാം ശക്തമായി പോരാടും. അതിൽ ഇവിടുത്തെ നല്ലവരായ എല്ലാ മതവിഭാഗങ്ങളുടെയും പിന്തുണ നമുക്കുണ്ട്.

--------------------------------------------------------------------------------------------------


No comments